തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയെ തുടർന്ന് സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ത്രൈമാസ റോഡ് നികുതി പകുതിയാക്കി കുറയ്ക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
പൊതുഗതാഗത മേഖലയുടെ സംരക്ഷണത്തിനായാണ് സ്റ്റേജ് കാരിയേജ് ബസുകളുടെ (സ്വകാര്യ ബസുകൾ) ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ് ബസുടമകളുടെ നിരന്തര ആവശ്യമായിരുന്നു നികുതി കുറയ്ക്കണമെന്നത്.
ഇതോടൊപ്പം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയിലും വലിയ കുറവു വരുത്തി. സീറ്റ് ഒന്നിന് 2000 രൂപയുണ്ടായിരുന്ന ടൂറിസ്റ്റ് ബസിന്റെ നികുതി 900 രൂപയാക്കി കുറച്ചു.
സ്ലീപ്പർ ഒന്നിന് 3000 രൂപയുണ്ടായിരുന്നത് 1500 രൂപയാക്കി. ഇതുവഴി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ കേരളത്തിലേക്ക് രജിസ്ട്രേഷനായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് അടക്കം എത്തുമെന്നും ഇതുവഴി വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തായിരുന്നു കൂടുതൽ ടൂറിസ്റ്റ് ബസുകളും അന്തർ സംസ്ഥാന സർവീസ് നടത്തിയിരുന്നത്.
ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷനുകൾ കൂടുതലായി ആകർഷിക്കാനായി ഇവയുടെ ത്രൈമാസ നികുതിയിലും സ്ലാബുകൾ ഏകീകരിച്ചു. 20 ടണ്ണിനു മുകളിൽ ഭാരമുള്ള ട്രെയിലർ വാഹനങ്ങളുടെ അധിക നികുതി ചുമത്തിയ സ്ലാബ് ഒഴിവാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കാനായി നികുതിയിൽ വലിയ കുറവു വരുത്തി. 10 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് ടാക്സ് അഞ്ചു ശതമാനത്തിൽ മൂന്നുശതമാനമാക്കി കുറച്ചു. 40 ലക്ഷത്തിനു മുകളിൽ വിലവരുന്ന ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് പൊള്ളും. 10 ശതമാനമായിരുന്നത് 15 ശതമാനമാക്കി ഉയർത്തി.
ഭിന്നശേഷിക്കാർക്ക് മോട്ടോർവാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി 15 ലക്ഷമാക്കി ഉയർത്തി. നിലവിൽ ഏഴു ലക്ഷം രൂപ വരെ വില വരുന്ന വാഹനത്തിനായിരുന്നു ഭിന്നശേഷിക്കാർക്ക് നികുതി ഇളവ്.